കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം നിലവിൽ വന്ന1957 മുതൽ 1971 വരെ അവിടെ ജയിച്ചത് സാക്ഷാല്‍ എകെജിയായിരുന്നു. എന്നാല്‍ 1971ല്‍ അന്നത്തെ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പളളി രാമചന്ദ്രനെ കോണ്‍ഗ്രസ് രംഗത്തിറക്കി. അപകടം മണത്ത ഏകെജി പാലക്കാട്ടേക്കോടി. അന്ന് കടന്നപ്പള്ളി തോല്‍പ്പിച്ചത് ഇകെ നായനാരെയായിരുന്നു. 77ലും കടന്നപ്പള്ളി തന്നെ അവിടെ നിന്നും ലോക്സഭയിലെത്തി. പിന്നീട് 1984ൽ ഐ രാമറേ ജയിച്ചതിനു ശേഷം 2019ല്‍ രാജ്മോഹന്‍ ഉണ്ണിത്താനിലൂടെയാണ് കാസര്‍ഗോഡ് ഒരു കോണ്‍ഗ്രസ് എംപിയുണ്ടാകുന്നത്.
കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത ജില്ലയാണ് കാസര്‍ഗോഡ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മുസ്ലിം ലീഗിനാണ്. സിപിഐ ഒന്ന്, നാലെണ്ണം സിപിഎം. സിപിഎം കോട്ടകളായ കല്യാശേരി, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ വോട്ടുകൊണ്ടാണ് മിക്ക തെരഞ്ഞെടുപ്പുകളിലും സിപിഎം കാസര്‍ഗോഡ് നിന്നും ജയിക്കുന്നത്. 2004 മുതല്‍ 2019 വരെ ഏകെജിയുടെ മരുമകന് പി കരുണാകരനായിരുന്നു എംപിയായിരുന്നത്. എന്നാല്‍ 2019ല്‍ സിപിഎം ജില്ലാ സെക്രട്ടറി കെപി സതീശ് ചന്ദ്രനാണ് ഇടതുസ്ഥാനാര്ത്ഥിയായത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് രാഷ്ട്രീയസമവാക്യങ്ങളെ മാറ്റി മറിച്ചപ്പോള്‍ അന്നുവരെ കാസര്‍ഗോഡ് പ്രദേശം നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത കൊല്ലംകാരന് രാജ്മോഹന്‍ ഉണ്ണിത്താന് കോൺഗ്രസിന് വേണ്ടി 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സീറ്റു പിടിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ 1991 ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ പോലും തോറ്റ സീറ്റാണ് കാസര്‍ഗോഡ് എന്നോർക്കണം.
സപ്തഭാഷാ സംഗമഭൂമിയെന്നാണ് കാസര്‍ഗോഡ് അറിയപ്പെടുന്നത്. മലയാളവും മറാത്തിയും കന്നടയും തുളുവുമടക്കം ഏഴ് ഭാഷകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംസാരിക്കുന്നത്. 1956ലെ സംസ്ഥാനരൂപീകരണത്തിന് മുമ്പ് മംഗാലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍ഗോഡ്. സ്വാതന്ത്ര്യസമരകാലത്ത് പോലും കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് മേല്ക്കൈയ്യുണ്ടായിരുന്ന പ്രദേശം. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രത്തിലെ ചുവന്ന ഏടായ കയ്യൂരും കാസര്‍ഗോഡ് ജില്ലയിലാണ്. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ വിജയം സിപിഎം തങ്ങളുടെ പ്രസ്റ്റീജായാണ് കണ്ടിരുന്നത്. കന്നട, തുളു ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളില്‍ ബിജെപിക്ക് കനത്ത സ്വാധീനമുണ്ട്. അതുപോലെ മലപ്പുറം ജില്ല കഴിഞ്ഞാല്‍ മുസ്ലിംലീഗിന് സ്വാധീനമുള്ള ജില്ലയും കാസര്‍ഗോഡ് ആണ്. പലപ്പോഴും മുസ്ലിംലീഗ് വോട്ടുകള്‍ ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടാറില്ലന്നുള്ള പരാതിയും ഉയരാറുണ്ട്.
2019ല്‍ അവിചാരിതമായി കാസര്‍ഗോഡെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് അവിടെ നിന്നും ജയിച്ചുകയറിയത് കോണ്‍ഗ്രസ് പാർട്ടിയെപ്പോലും അമ്പരപ്പിച്ചിരുന്നു. ടി സിദ്ധിഖ് അടക്കം പല നേതാക്കളും തോറ്റയിടമാണ് കാസര്‍കോട്. അതുകൊണ്ട് ഒന്നാം നിര കോണ്‍ഗ്രസ് നേതാക്കളാരും കാസര്‍ഗോഡിന്റെ കാര്യത്തില്‍ വലിയ താല്പര്യം എടുത്തിരുന്നില്ല. വേറെ സ്ഥാനാര്‍ത്ഥിയില്ലാത്തത് കൊണ്ടാണ് ഇവിടേക്ക് ഉണ്ണിത്താനെ വിട്ടത്. എന്നാല്‍ അദ്ദേഹം അവിടെ ചരിത്രം രചിച്ചു. 30 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ഒരു കോണ്‍ഗ്രസ് എംപി കാസര്‍ഗോഡ് നിന്നുണ്ടായി. നേരത്തെ അവിടെ നിന്ന് ജയിച്ചിരുന്നവര് എല്ലാം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ആദ്യമായി തെക്കന്‍ കേരളത്തില്‍ നിന്നുമുള്ള ഒരു നേതാവ് കാസര്‍ഗോഡ് ജയിച്ചു കയറുന്നത് 2019ലായിരുന്നു.
ജില്ലാ സെക്രട്ടറിയായിരുന്ന എംവി ബാലകൃഷ്ണനെയാണ് സിപിഎം ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. എൺപതുകാരനാണ് അദ്ദേഹം. മുന്‍ തൃക്കരിപ്പൂര്‍ എംഎല്‍എ ടിവി രാജേഷിനെ മല്‍സരിപ്പിക്കാനായിരുന്നു ആദ്യം ആലോചനയുണ്ടായിരുന്നത്. രാജേഷായിരുന്നെങ്കില് കടുത്ത മല്‍സരത്തെ താന്‍ നേരിടേണ്ടിവരുമായിരുന്നെന്ന് രാജമോഹന്‍ ഉണ്ണിത്താനും സമ്മതിക്കുന്നു. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കുന്ന വാശിയിലാണ് സിപിഎം നേതൃത്വം.