നെൽസൻ സംവിധാനം ചെയ്ത സിനിമ ‘ജയിലർ‘ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും ചിത്രത്തിലെ ഒരു താരത്തിന്റെ വിയോഗത്തിന്റെ വേദന മറക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല. ജയിലറിൽ ഗുണ്ടയായെത്തി ചിരിപ്പിച്ച ഡാൻസർ രമേശിന്റെ വിയോഗമാണ് നോവായി മാറിയത്.
വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രത്തിനൊപ്പമുള്ള ഗുണ്ടയായാണ് രമേശ് ജയിലറിൽ അഭിനയിച്ചത്. ചിത്രം റിലീസ് ആകുന്നതിന് മുൻപ് രമേശ് വിടവാങ്ങി. 2023 ജനുവരിയിലാണ് ചെന്നൈയിലെ ഫ്ലാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറന്നാൾ ദിനത്തിലായിരുന്നു നടന്റെ മരണം.
’കണ്ണോട് കാൺപതെല്ലാം’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് രമേശിന്റെ ഗുണ്ടാ കഥാപാത്രം ചിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ചിലരെങ്കിലും രമേശ് ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നറിയുന്നത്. അജിത് നായകനായ തുനിവിലും രമേശ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിലല്ലാതെ റീലുകളിലൂടെയും ശ്രദ്ധേയനാണ് രമേശ്. ലക്ഷക്കണക്കിന് ആരാധകരാണ് സാമൂഹികമാധ്യമത്തിൽ നടനെ പിന്തുടർന്നിരുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേല് പാണ്ഡ്യന് എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.