കൊൽക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരിൽ രാജസ്ഥാന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്ലറിന്റെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് തുണയായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസാണ് രാജസ്ഥാൻ നേടിയത്. ഐപിഎൽ കരിയറിൽ 7–ാം സെഞ്ചറി നേടിയ ബട്ട്ലർ തന്നെയാണ് കളിയിലെ താരം. ഈ സീസണിൽ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ്. സ്കോർ. കൊൽക്കത്ത (223-6, 20 ഓവർ), രാജസ്ഥാൻ (224-8, 20 ഓവർ).
സുനിൽ നരെയ്ന്റെ (56 പന്തിൽ 109) കന്നി ട്വന്റി20 സെഞ്ചറിയുടെ ബലത്തിലാണ് കൊൽക്കത്ത 224 റൺസിലെത്തിയത്. 56 പന്തിൽ 6 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു വെസ്റ്റിൻഡീസ് താരത്തിന്റെ ഇന്നിങ്സ്. അംഗ്ക്രിഷ് രഘുവംശി (18 പന്തിൽ 30), റിങ്കു സിങ് (9 പന്തിൽ 20) എന്നിവർ കൊൽക്കത്തയ്ക്കായി തിളങ്ങി. റിയാൻ പരാഗ് (14 പന്തിൽ 34), റോവ്മാൻ പവൽ (13 പന്തിൽ 26) എന്നിവരുടെ ഇന്നിങ്സാണ് രാജസ്ഥാന് കരുത്തായത്. 7 കളികളിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ ലീഗിൽ ഒന്നാം സ്ഥാനത്തും 8 പോയിന്റുള്ള കൊൽക്കത്ത രണ്ടാമതുമാണ്.