ചെന്നൈ : വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന് രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ രജനീകാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുന്നത് താന്‍ പതിവാക്കുമെന്നും താരം പറഞ്ഞു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന് സത്യനാരായണ റാവു, ചെറുമകന് ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് രജനീകാന്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെത്തിയത്. തനിക്ക് നല്ലരീതിയില്‍ തന്നെ ദര്‍ശനം ലഭിച്ചതായും രാമദര്‍ശനം ലഭിച്ച ആദ്യ 150 പേരില്‍ താനും ഉള്‍പ്പെടുന്നു. അത് തനിക്ക് വളരെയേറെ സന്തോഷം നല്‍കിയെന്നും രജനികാന്ത് പറഞ്ഞു.
ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ആകും എല്ലാവര്ക്കും ഉണ്ടാകുക. എല്ലായ്പ്പോഴും അത് നമ്മുടെ അഭിപ്രായമായി യോജിക്കണം എന്നില്ല. തന്നെ സംബന്ധിച്ച് രാമക്ഷേത്രമെന്നത് വിശ്വാസം മാത്രമാണ്. അല്ലാതെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു.