ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഹൈദരാബാദ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബെംഗളൂരുവിന്റെ റെക്കോർഡ് മറികടന്ന ടീം നേടിയത് 277 റൺസ്. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ പഴയ ഒരു പ്രസംഗം വൈറലാകുന്നത്.
2023 ജൂലൈയിൽ ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. സിനിമയുടെ നിർമാതാക്കളായ കലാനിഥി മാരനാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഉടമ. തുടർന്ന് രജനി പറയുന്നതിങ്ങനെ. “കലാനിഥി മാരൻ, കുറച്ച് നല്ല കളിക്കാരെ ഹൈദരാബാദ് ടീമിലേക്ക് കൊണ്ട് വരണം. കാവ്യ മാരനെ ടിവിയിൽ കാണുമ്പോൾ സങ്കടം തോന്നുന്നു”. കലാനിഥി മാരന്റെ മകളായ കാവ്യ മാരൻ ഹൈദരാബാദ് ടീമിന്റെ മോശം പ്രകടനത്തിൽ നിരാശയായി ഇരിക്കുന്നത് കണ്ടാണ് രജനി ഇങ്ങനെ പറഞ്ഞത്. നാല് ജയവുമായി ലീഗിൽ അവസാന സ്ഥാനത്തായിരുന്നു ടീം.
കഴിഞ്ഞ ദിവസം മുംബൈക്കെതിരെ ഹൈദരാബാദ് റെക്കോർഡ് പ്രകടനം നടത്തിയതോടെ വീഡിയോ വീണ്ടും വൈറലായി. രജനി പറഞ്ഞത് പോലെ വെടിക്കെട്ട് താരങ്ങളെ കൊണ്ട് വന്നെന്നാണ് ആരാധകർ പറയുന്നത്. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്, ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസ്സൻ, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം, ഇന്ത്യൻ താരം അഭിശേക് ശർമ എന്നിവരായിരുന്നു കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയത്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ടീമിന്റെ തലപ്പത്തെത്തിയതോടെ ടീം ആകെ മാറിയെന്നുമാണ് ആരാധക പക്ഷം. ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നാല് റൺസിന് പരാജയപ്പെടുകയായിരുന്നു.
മുംബൈക്കെതിരെ ക്ലാസ്സൻ (34 പന്തിൽ 80), അഭിശേക് ശർമ (23 പന്തിൽ 63), ട്രാവിസ് ഹെഡ് (24 പന്തിൽ 62), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരായിരുന്നു തിളങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് (38) വഴങ്ങുന്ന മത്സരമായും ഇത് മാറിയിരുന്നു. മുംബൈക്കെതിരായ വിജയത്തോടെ സീസണിൽ കിരീട പ്രതീക്ഷയും വർധിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദ്.