


കല്പറ്റ : മകന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഐഎന്‍ടിയുസി വിലക്കിയ വയനാട് മുള്ളന്‍കൊല്ലിയിലെ രാജന് ഇനി സിഐടിയുവിന്റെ ഭാഗം. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര് വിഷ്ണുവിന്റെ പിതാവാണ് 22 വര്‍ഷത്തെ സജീവ ഐഎന്‍ടിയുസി ബന്ധം അവസാനിപ്പിച്ച് ഇടത് തൊഴിലാളി യൂണിന്റെ ഭാഗമായത്.
രാജന് ഒപ്പം ഏട്ടോളം സഹപ്രവര്‍ത്തകരും ഐഎന്‍ടിയുസി ബന്ധം അവസാനിപ്പിച്ച് സിഐടിയുവില്‍ ചേര്‍ന്നു. രാജന് ഒപ്പം ഐഎന്‍ടിയുസി വിട്ടെത്തിയ ഷാജി, ബാബു, ജെയിംസ്, കാദര്‍, ജോസൂട്ടി, മനോജ്, ഇബ്രായി, ഷാജി എന്നിവര്‍ക്ക് പുല്‍പ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്കി.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ വിഷ്ണു മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡ് പത്താണിക്കുപ്പില് സ്ഥാനാര്‍ഥിയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ലോഡിങ് തൊഴിലാളിയായ രാജന് ജോലിക്കെത്തിയപ്പോള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. മകനെ സ്ഥാനാര്‍ത്ഥി ആക്കിയതിലാണ് തന്നെ വിലക്കിയതെന്നും താന്‍ കോണ്‍ഗ്രസിനെതിരെയോ ഐഎന്‍ടിയുസിക്ക് എതിരെയോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജന് വെളിപ്പെടുത്തിയിരുന്നു. മകന്റെ രാഷ്ട്രീയം മകന്റെ സ്വാതന്ത്ര്യമാണെന്നും രാജന് നേരത്തെ പ്രതികരിച്ചിരുന്നു.