തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെയും വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, ഒരു ജില്ലകളിലും ഇന്നു പ്രത്യേക മഴമുന്നറിയിപ്പില്ല.
ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.