തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദപാത്തി സ്ഥിതി ചെയ്യാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
തെക്ക് ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.