തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകും. ഈ സാഹചര്യത്തിലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി സജീവമാകുന്ന സാഹചര്യത്തിലുമാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്.
മദ്ധ്യ, വടക്കൻ ജില്ലകളിലാവും കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയായിരിക്കും. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40- 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത് 0.9 മുതൽ 1.3 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.