കൊല്ലം: മഴ ശക്തമായ സാഹചര്യത്തിൽ തെന്മല ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെൻറീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെന്മല ഡാം (കല്ലട ഡാം). 110.69 മീറ്ററാണ് ഡാമിലെ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. 115.82 മീറ്റർ ആണ് ഡാമിലെ പരമാവധി ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനമായ 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്.
ഡാമിലെ ജലനിരപ്പ് 113.74 മീറ്ററിലെത്തിയാൽ ബ്ല്യൂവും 114.81 മീറ്ററിലെത്തിയാൽ ഓറഞ്ചും 115.45 മീറ്ററിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് പരമാവധി സംഭരണശേഷി.