തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
മഴ ശക്തമായതിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലം പതിച്ചു. പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. വിവിധ ജില്ലകളിൽ മരം വീണ് വീടുകളും തകർന്നിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. പിഎസ്സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.