തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വീണ്ടും വ്യാപകമായി മഴ ലഭിച്ചേക്കും. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുള്ളതാണ് കേരളത്തിന് മഴ ലഭിക്കാൻ കാരണമാകുന്നത്.
ഇതനുസരിച്ച് 22-ാം തീയതി വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
അടുത്ത ദിവസങ്ങളിലെ മഴ സാദ്ധ്യത പ്രവചനം
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്