തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടുംമാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത്് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്ക്കുന്നു. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് . തെക്കന്‍ തമിഴ്നാട് തീരത്ത് (കൊളച്ചല്‍ മുതല്‍ കിലക്കരൈ) വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.