ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു വീണ്ടും നിര്‍ത്തി. നേരത്തെ തുടക്കത്തിലും അല്‍പ്പ നേരം മഴ കളി മുടക്കിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 400 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്ട്രേലിയ ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. 41 ഓവര്‍ ശേഷിക്കെ അവര്‍ക്ക് 344 റണ്‍സ് കൂടി വേണം ജയത്തിലേക്ക്. എട്ട് വിക്കറ്റുകളും ബാക്കി.
ഒന്‍പത് റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ട്, ഗോള്‍ഡന്‍ ഡക്കായി സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. നിലവില്‍ 26 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍, 17 റണ്‍സുമായി മര്‍നസ് ലെബുഷെയ്ന് എന്നിവരാണ് ക്രീസില്‍.
ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോറാണ് ഇന്ത്യന്‍ ബാറ്റിങ് നിര കുറിച്ചത്. സെഞ്ച്വറികളുമായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തുടങ്ങി വച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവര്‍ ഏറ്റെടുത്തതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഒരോവറില്‍ നാല് തുടര്‍ സിക്സുകള്‍ പറത്തി സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടില്‍ തീ പടര്‍ത്തി. വെറും 24 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി തികച്ചത്. 36 പന്തില്‍ ആറ് വീതം സിക്സും ഫോറും സഹിതം സൂര്യ കുമാര്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ 13 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍.
ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 11 ഫോറും മൂന്ന് സിക്സും ഇന്നിങ്സിനു മാറ്റേകി. ഏകദിനത്തില്‍ ശ്രേയസ് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്.
ശ്രേയസ് പുറത്തായതിനു പിന്നാലെ ശുഭ്മാന്‍ സെഞ്ച്വറി തികച്ചു. താരത്തിന്റെ ആറാം ഏകദിന ശതകം. 93 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 101 റണ്‍സെടുത്താണ് ഗില്ലിന്റെ സെഞ്ച്വറി. ശ്രേയസ്- ഗില്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.
രാഹുല്‍ 38 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് കണ്ടെത്തി. ഇഷാന് രണ്ട് വീതം സിക്സും ഫോറും സഹിതം 18 പന്തില്‍ 31 റണ്‍സെടുത്തു.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. രണ്ടാം വിക്കറ്റ് ഇന്ത്യക്ക് 216 റണ്‍സില്‍ നില്‍ക്കെയാണ് നഷ്ടമായത്. ശ്രേയസിനെ സീന്‍ അബ്ബോട്ട് മടക്കി. കാമറോണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു.
ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി. പാറ്റ് കമ്മിന്‍സ് കളിക്കാനിറങ്ങിയില്ല. സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിച്ചത്.