തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത നാശംവിതച്ച് അതിതീവ്ര മഴ തുടരുന്നു. ബുധനാഴ്ച വൈകിട്ടോടെ മുന്നറിയിപ്പ് റെഡ് അലർട്ടായി പുതുക്കിയ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിലടക്കം പലയിടങ്ങളിലും വെള്ളംകയറി. മിന്നലേറ്റും മരങ്ങൾ വീണും നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതിവിതരണം, ഗതാഗതം എന്നിവയെയും ബാധിച്ചു. തെക്കൻ കേരളത്തിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും സ്വാധീനത്താലാണിത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് വൈകിട്ടോടെ റെഡ് അലർട്ടാക്കിയത്. രണ്ടു ദിവസംകൂടി തീവ്ര മഴ തുടരാനാണ് സാധ്യത. വ്യാഴം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ) മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. തമിഴ്നാട്, ആന്ധ്ര തീരത്തുള്ള ന്യൂനമർദം വെള്ളിയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തുടർന്ന് ചുഴലിക്കാറ്റായി മാറാനുമുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലിൽ പോകരുത്. വ്യാഴം രാത്രിവരെ 3.3 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികളും ജാഗ്രത പാലിക്കണം.