തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരംവരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യത. കൂടാതെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.
ഞായറാഴ്ച തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.