പത്തനംതിട്ട: പത്തനംതിട്ട കക്കിയില്‍ വെള്ളിയാഴ്ച രാത്രി പെയ്തത് അതിതീവ്ര മഴ. 225 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. അത്തിക്കയം-101 മി.മീ, ആങ്ങമുഴി-153 മി.മീ, മൂഴിയാര്‍-147 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചത്. വൈകിട്ടോടെ ഇതു ശക്തമാവുകയായിരുന്നു.പമ്പാ നദിയില്‍ ഏഴര അടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഇന്ന് രാവിലെ മലയോരമേഖലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു.
ജലനിരപ്പുയര്‍ന്നതോടെയാണ് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നത്. മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉടന്‍ അടച്ചേക്കും. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗവി യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.