തിരുവനന്തപുരം: ഇന്നും ഡിസംബർ 8, 9 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഒൻപതാം തീയതി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.