തിരുവനന്തപുരം : അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ബുധനാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് വ്യാഴാഴ്ചയോടെ അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട് ( ശക്തമായ മഴ) :-
18/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
19/05/2025: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
20/05/2025: തൃശൂര്‍, പാലക്കാട്, മലപ്പുറം
21/05/2025: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കന്യാകുമാരി മേഖല, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.