തിരുവനന്തപും : തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജനവുമാണ് മഴയ്ക്ക് കാരണമാകുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ശനിയാഴ്ച രാവിലെ 11.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട് മുതൽ ഇടവ വരെ) ശനിയാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാവിലെ 11. 30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.