തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. 19 മുതൽ തുടങ്ങും. നൂറു ദിവസത്തേക്കാണ് സ്പെഷ്യൽ സർവീസുകൾ. 22നാണ് രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനുശേഷം രാമക്ഷേത്രത്തിലേക്ക് പരമാവധി ഭക്തരെ എത്തിക്കുകയാണ് ലക്ഷ്യം.
മുംബയ്, ചെന്നൈ, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലക്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നാകും സർവീസ്. ദിവസം എട്ടുമുതൽ 12 ട്രെയിനുകൾ വരെ അയോദ്ധ്യയിൽ എത്തിക്കുംവിധമാണ് ക്രമീകരണം. ഒരു ട്രെയിനിൽ 1500 മുതൽ 2000വരെ യാത്രക്കാരുണ്ടാകും. ഇതിലൂടെ പരമാവധി 25,000പേർ അയോദ്ധ്യയിൽ ഒരു ദിവസമെത്തും. പുതിയ അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് 50,000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നൂറു ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളംപേരെ ട്രെയിനുകളിലൂടെ മാത്രം അയോദ്ധ്യയിലെത്തിക്കാനാവും.
അയോദ്ധ്യ തീർത്ഥയാത്ര : വിശ്വഹിന്ദു പരിഷത് പോലുള്ള സംഘടനകൾ റെയിൽവേയുമായി ചേർന്ന് അയോദ്ധ്യാ തീർത്ഥയാത്രയും നടത്തും. ഒാരോ സംസ്ഥാനത്തെയും പ്രമുഖ വ്യക്തിത്വങ്ങളെ അയോദ്ധ്യയിൽ എത്തിക്കാനും ആലോചിക്കുന്നു. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം പ്രസാദ രൂപത്തിൽ രാജ്യത്തെ 15 കോടി വീടുകളിൽ എത്തിക്കും. കേരളത്തിൽ മാത്രം അൻപത് ലക്ഷം വീടുകളിലാണ് പ്രസാദവും, ശ്രീരാമന്റേയും രാമക്ഷേത്രത്തിന്റെയും ഫോട്ടോയും എത്തിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം വീടുകളിൽ ദീപം തെളിച്ച് ദീപാവലി മാതൃകയിൽ ആഘോഷം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.