ട്രെയിൻ യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഐ.ആര്.സി.ടി.സി പേയ്മെന്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ റെയിൽവേ. നിലവിലെ കാലതാമസം ഒഴിവാക്കി റീഫണ്ടിംഗ് അടക്കം വേഗത്തിലാക്കാനാണ് തീരുമാനം. നേരത്തെ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും അക്കൗണ്ടിൽ നിന്ന് പണം പോയി ദിവസങ്ങളെടുത്തായിരുന്നു തിരികെ ലഭിച്ചിരുന്നത്. ഉപഭോക്താക്കളെ വലിയ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാനാണ് തീരുമാനം.
ഒരു മണിക്കൂറിനുള്ളില്‍ പണം തിരികെ ലഭിക്കുന്ന രീതിയിലാണ് പുതിയ രീതി പ്രാവർത്തികമാക്കുന്നത്. ഐ.ആര്.സി.ടി.സിയുടെയും സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെയും കൂട്ടായ ശ്രമങ്ങളാണ് ഇതിന് പിന്നില്‍. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പണം നഷ്ടപ്പെട്ടാല്‍ ഐ.ആര്.സി.ടി.സി തൊട്ടടുത്ത ദിവസമാണ് റീഫണ്ടിംഗ് പ്രക്രിയ ആരംഭിക്കുക. എന്നാല്‍ ബാങ്കുകളുടെയും പേയ്മെന്റ് സേവനങ്ങളുടെയും മെല്ലെപ്പോക്കിൽ കൂടുതൽ ദിവസമെടുത്താണ് റീഫണ്ടിംഗ് നടക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്താനാണ് റെയില്‍വേയുടെ നീക്കം.