നടപ്പ് വർഷത്തിൽ റെയിൽവേ വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെ 648 കോടി പേർ ട്രെയിനിൽ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 596 കോടി യാത്രക്കാരേക്കാൾ 52 കോടിയിലേറെയാണ് വർധിച്ചത്. സമാന കാലയളവിൽ ചരക്കുനീക്കം, യാത്ര ടിക്കറ്റ് എന്നിവയുള്‍പ്പെടെ മൊത്തം 2.40 ലക്ഷം കോടി രൂപയുടെ വരുമാനവും റെയില്‍വേക്ക് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) മൊത്തവരുമാനമായ 2.23 ലക്ഷം കോടി രൂപയേക്കാള്‍ 17,000 കോടി രൂപയുടെ വര്‍ധന. അതേസമയം, 2.26 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ഇതുവരെ റെയില്‍വേയുടെ മൊത്തം ചെലവ്.
റെയിൽവേയിലൂടെയുള്ള ചരക്ക് നീക്കത്തിലും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 15 വരെ മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം ചരക്കുനീക്കം 1,512 മില്യണ്‍ ടണ്ണായിരുന്നു. നടപ്പ് വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ശേഷിക്കേ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ മറികടക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇതും റെക്കോർഡാണ്. നടപ്പ് വര്‍ഷം ഇതിനകം പുതുതായി 5,100 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാതകള്‍ സ്ഥാപിച്ചുവെന്നും ഓരോ ദിവസവും പുതുതായി നിര്‍മ്മിക്കുന്നത് ശരാശരി 14 കിലോമീറ്റര്‍ പാതയാണെന്നും റെയില്‍വേ വ്യക്തമാക്കി.