ന്യൂഡല്‍ഹി : വൃത്തിഹീനമായ ശുചിമുറിയും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ദുരിതമനുഭവിച്ച യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നല്‍കണമെന്ന് ഡല്‍ഹി ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ നിര്‍ദേശം.
ട്രെയിനിലെ ദീര്‍ഘദൂര യാത്രകളില്‍ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കമ്പാര്‍ട്ടുമെന്റുകളിലും ടൊയ്ലറ്റുകളിലും ശുചിത്വം ഒരുക്കുന്നതില്‍ റെയില്‍വേ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് പരാതിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന് മനന്‍ അഗര്‍വാള്‍ പറഞ്ഞു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്‍ഡോറിലേക്ക് 3 എസി ടിക്കറ്റ് റിസര്‍വ് ചെയ്തതായി പരാതിക്കാരന് പറഞ്ഞു. 2021 സെപ്റ്റംബര്‍ 3ന്, രാവിലെ 8 മണിക്ക് ഫ്രഷ് ആകാന്‍ ശുചിമുറിയില്‍ പോയപ്പോള്‍ ടോയ്ലറ്റില് മാലിന്യം നിറഞ്ഞിരിക്കുകയായിരുന്നുവെന്നും ഫ്ളഷ് ചെയ്യാനോ കൈകഴുകാനോ വെള്ളമില്ലായിരുന്നുവെന്നും യാത്രക്കാരന് പരാതിയില്‍ പറഞ്ഞു.
കോച്ച് അറ്റന്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ പരാതിക്കാരന് ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘റെയില്‍ മദദില്’ രാവിലെ 8.22ഓടെ ചിത്രങ്ങള്‍ സഹിതം പരാതി നല്കി. കേന്ദ്ര റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ സേവയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. രാവിലെ 10 മണിയോടെ ട്രെയിന്‍ ഇന്‍ഡോര്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതിക്ക് പരിഹാരമായില്ല. ടോയ്ലറ്റില് പോകാന്‍ രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നെന്നും പരാതിക്കാരന് പറഞ്ഞു.