ന്യൂഡല്‍ഹി : നഷ്ടം നികത്താന്‍ പല വിധ ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ നാല് വര്‍ഷങ്ങളായി റെയില്‍വേയുടെ കടം കുതിച്ചുയരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു, ഇത് 2020-21 ല്‍ 23,386 കോടി രൂപയായി ഉയര്‍ന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പങ്കിട്ട കണക്കുകള്‍ പ്രകാരം, കടം 2020-21 ല്‍ 23,386 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 28,702 കോടി രൂപയായും ഉയര്‍ന്നു.
സേവനങ്ങളിലൂടെയും സേവനേതര ഉറവിടങ്ങളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും 2022-2023 ആയപ്പോഴേക്കും റെയില്‍വേയുടെ കടം 34189 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 9487 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വന്‍കിട പദ്ധതികളും ഏറ്റെടുക്കലുകള്‍ക്കും പണം വിനിയോഗിക്കുന്നത് കൊണ്ടാണ് കടം ഉയരുന്നതെന്നാണ് റെയില്‍വേയുടെ വിശീദകരണം. ഞങ്ങള്‍ ധാരാളം മെഗാ പ്രോജക്ടുകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും പണം വിനിയോഗിക്കുന്നു. കടബാധ്യത കുറയ്ക്കുന്നതിന് വിവിധ വഴികള്‍ ആരായുന്നുണ്ട്’ ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് 2020-21ല്‍ റെയില്‍വേയുടെ വരുമാനത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ധനമന്ത്രാലയം 79,398 കോടി രൂപയുടെ പ്രത്യേക വായ്പ നല്‍കിയിരുന്നു. ഇതിന്റെ തിരിച്ചടവ് 2024-25ല്‍ ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, 20,659 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന 189 പുതിയ പാതകളുടെ 3.99 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ അണിയറയിലുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഇവയുടെ ആസൂത്രണം, അനുമതി, നിര്‍മാണം തുടങ്ങിയവ അന്തിമ ഘട്ടത്തിലാണ്.
വന്‍കിട പദ്ധതികള്‍ക്കും അടിസ്ഥാന വികസനത്തിനും പണം ചെലവഴിച്ചത് കൊണ്ടാണ് കടം ബാധ്യത എന്ന് വിശദീകരിക്കുമ്പോഴും ഈ വര്‍ഷമാദ്യം റെയില്‍വേയുടെ അറ്റാദായത്തില്‍ ഉണ്ടായ കനത്ത ഇടിവില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 15,024.58 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. റെയില്‍വേയുടെ വരുമാനം 2014-15ല്‍ 8.20 ശതമാനം വര്ധിച്ചതൊഴിച്ചാല് 2020-21 മുതല്‍ ഗണ്യമായ കുറവുണ്ടായതായി പാര്‍ലമെന്ററി സമിതി നിരീക്ഷിച്ചു.