തിരുവനന്തപുരം: വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് ദക്ഷിണ റയിൽവേ. ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെയാണ് റയിൽവേ വിശദീകരണവുമായെത്തിയത്. ഒക്ടോബർ മാസത്തിൽ ട്രെയിനുകൾ വൈകിയത് മഴയും മറ്റ് അറ്റകുറ്റപണികളും കാരണമാണെന്നും ട്രെയിനുകളുടെ സമയത്തിൽ ചില മാറ്റം വരുത്തിയിരുന്നുവെന്നും എന്നാൽ അവ കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതർ പറഞ്ഞു.
നിലവിൽ കേരളത്തിൽ രണ്ട് വന്ദേഭാരത് സർവീസുകളാണുള്ളത്. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പ്രശ്നം പരിശോധിക്കണമെന്നും പരിഹാരങ്ങൾ നിർദേശിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.