ന്യൂഡൽഹി : കോച്ചിനും ട്രെയിന്‍ എഞ്ചിനും ഇടയില്‍ കുടുങ്ങി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് പരിധിയില്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവു എന്ന തൊഴിലാളിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒന്‍പതോടെ ലക്നോ–ബരൗനി എക്സ്പ്രസിന്റെ എഞ്ചിന് കോച്ചുകളുമായി ബന്ധിപ്പിക്കുന്ന സമയമാണ് അപകടം ഉണ്ടായത്.
ബോഗികള്‍ എഞ്ചിനുമായി ബന്ധിപ്പിക്കാനായി ആദ്യം മുന്പോട്ട് എടുത്തു. പെട്ടെന്ന് തന്നെ ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തപ്പോഴാണ് അപകടം. ഈ സമയം കണ്ട് നിന്നവര്‍ വിവരം അറിയിച്ചെങ്കിലും ലോക്കോ പൈലറ്റ് ട്രെയിന്‍ മുന്‍പിലേക്ക് എടുക്കാതെ ഓടി രക്ഷപെട്ടു.
ജീവനക്കാരന് മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എത്തി. ഏറെ നാളായി തുടരുന്ന നിരുത്തരവാദപരമായ സമീപനത്തിന്റെ ഫലമാണ് ഇതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളുടെ ഉദാഹരണമാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. ഒരു സാധാരണ ജീവനക്കാരന്റെ ജീവന് ഒരു വിലയും ഇല്ലേ എന്നും പലരും ചോദിക്കുന്നു.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു.