തിരുവനന്തപുരം : ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ കാത്തുകിടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ പദ്ധതിയുമായി റെയില്‍വേ. ഭാരതപ്പുഴയില്‍ പുതിയ പാലം, ഷൊര്‍ണ്ണൂരില്‍ നിന്ന് വള്ളത്തോള്‍ നഗറിലേക്ക് ഇരട്ടപ്പാത എന്നിവ ഉള്‍പ്പെടുന്ന വികസനപദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി. 367.39 കോടി രൂപയാണ് പദ്ധതിച്ചെലവ്.
ഷൊര്‍ണൂര്‍ യാഡില്‍നിന്നു പാലക്കാട്, തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റര്‍ ഒറ്റവരി പാതകള്‍ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകള്‍ വള്ളത്തോള്‍ നഗറിലും ഷൊര്‍ണൂരിലും പിടിച്ചിടുന്നത് ഒഴിവാകും.
ദക്ഷിണ റെയില്‍വേ രണ്ടു വര്‍ഷം മുന്‍പു സമര്‍പ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും ജനറല്‍ മാനേജര്‍ ആര് എന്‍ സിങ്ങിന്റെ ശ്രമഫലമായി അനുമതി ലഭിച്ചത്. ഷൊര്‍ണൂര്‍ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാന്‍ ഒരു വര്‍ഷവും നിര്‍മാണത്തിന് രണ്ടു വര്‍ഷവും വേണ്ടി വരും. 2027 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഷൊര്‍ണൂര്‍ യാര്‍ഡില്‍ മംഗളൂരു ഭാഗത്തേയ്ക്ക് മാത്രമാണ് ഡബ്ലിങ് നടന്നിട്ടുള്ളത്. യാര്‍ഡില്‍ ഷൊര്‍ണൂര്‍- പാലക്കാട്, ഷൊര്‍ണൂര്‍- എറണാകുളം റൂട്ടുകള്‍ സിംഗില്‍ ലൈനാണ്. ട്രാക്ക് ഇരട്ടിപ്പിക്കുന്നതോടെ ട്രെയിനുകളുടെ ട്രാക്കിലെ കാത്തുകിടപ്പ് തീരും.