കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തില്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. ‘രാഹുൽ മദ്യപിച്ചിരുന്നു, മർദന വിവരം അറിഞ്ഞത് യുവതിയുടെ അച്ഛൻ വീട്ടിൽ എത്തിയപ്പോഴെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു.
‘സ്ത്രീധനത്തിന്റെ പേരില്ല, പെൺകുട്ടിയുടെ ഫോൺവിളിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ബെൽറ്റ് കൊണ്ടടിച്ചില്ല,കൈ കൊണ്ട് അടിക്കാൻ പോയപ്പോൾ ചുമരിൽ ചെന്നടിക്കുകയായിരുന്നു.പെൺകുട്ടിയുടെ അച്ഛൻ വീട്ടിൽ വന്നപ്പോൾ സ്ത്രീധനം വേണോ എന്ന് ചോദിച്ചിരുന്നു. മോൾക്ക് കൊടുക്കാനുള്ളത് കൊടുക്കാം, സ്ത്രീധനമായി ഒന്നും വേണ്ടെന്നാണ് ഞങ്ങൾ മറുപടി പറഞ്ഞത്.ഞങ്ങൾക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ല. തെറ്റായ ആരോപണമാണ്…’ അവർ പറഞ്ഞു.’മര്‍ദനമേറ്റതിന് ശേഷം ആശുപത്രിയിൽ പോയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. അവൾക്ക് ബോധം പോയിട്ടൊന്നുമില്ല. അവളുടെ ഫോണിലേക്ക് കാമുകൻ വിളിക്കുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്.എന്നെ വഞ്ചിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാണ് തകർക്കമുണ്ടായതെന്നും മകൻ എന്നോട് പറഞ്ഞു…’ രാഹുലിന്റെ അമ്മ പറഞ്ഞു. ‘മകൻ ഒളിവിലല്ല,ഒളിവിൽ പോകേണ്ട ആവശ്യമില്ല. ഇന്നലെ എത്തിപ്പെടാൻ കഴിഞ്ഞില്ല.ഫോൺ സ്വിച്ച് ഓഫാണ്…എനിക്ക് ഈ സംഭവത്തിൽ ഒരു പങ്കുമില്ല.ഞാൻ നിരപരാധിയാണ്..’ രാഹുലിന്റെ അമ്മ പറഞ്ഞു.
അതേസമയം, രാഹുലിൻ്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് മര്‍ദനമേറ്റ യുവതിയുടെ അച്ഛൻ ഹരിദാസൻ പ്രതികരിച്ചു.’സ്ത്രീധനം കൂടുതൽ ആയി ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉൾപ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നത്.രാഹുലിൻ്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. വിവാഹാലോചന മുടങ്ങിയ കാര്യം അറിഞ്ഞിട്ടുണ്ട്. മർദിച്ച വിവരം രാഹുൽ വീട്ടിൽ വെച്ച് സമ്മതിച്ചതാണെന്നും ഹരിദാസന് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.