ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങുക. ബസില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധി ആറു കിലോമീറ്ററോളം പദയാത്ര നടത്തും.
കാങ് പോങ്പിയിലും സേനാപതിയിലും രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകീട്ട് മാവോ ഗേറ്റില്‍ യാത്ര അവസാനിപ്പിക്കും.
നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാഹുലും സംഘവും രാത്രി ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ ആരംഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ ഇടയാക്കിയത്.
മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഗാന്ധി ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ രണ്ട് ദിവസമാണ് രാഹുല്‍ പര്യടനം നടത്തുക.