ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് രാഹുൽഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇവിഎം) തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു രാഹുലിന്റെ ആദ്യത്തെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിനുമപ്പുറം ഉറപ്പായിരുന്ന വിജയം തട്ടിക്കളഞ്ഞത് ഹരിയാണയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പരസ്പരം പോരടിച്ച അവര്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും പറഞ്ഞു. വിമർശനത്തിനു പിന്നാലെ രാഹുൽഗാന്ധി യോഗത്തിൽ നിന്നും പോയി.
സംസ്ഥാന നേതാക്കൾക്കിടയിലെ തമ്മിലടി തോൽവിക്ക് ഒരു കാരണമായതായി എഐസിസി നിരീക്ഷകനായ അജയ് മാക്കൻ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾക്കും അഭിപ്രായ സർവേകൾക്കും കടകവിരുദ്ധമായ ഫലമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഈ ഫലം അപ്രതീക്ഷിതമായിരുന്നു. തോൽവിയുടെ കാരണങ്ങൾ പഠിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഒന്നര മണിക്കൂറോളമാണ് യോഗം നടന്നത്. ആകെയുള്ള 90 സീറ്റുകളിൽ 74 സീറ്റുകളിലും ഭൂപീന്ദർ സിങ് ഹൂഡയുടെ അടുപ്പക്കാർക്ക് സ്ഥാനാർഥിത്വം നൽകിയത് തിരിച്ചടി ആയെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്ക് പുറമെ, അശോക് ഗെഹലോട്ട്, അജയ് മാക്കൻ, ഹരിയാനയുടെ ചുമതലയുള്ള എഐസിസി സെക്ര്ടടറി ദീപക് ബാബറിയ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.