തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി. കെസി വേണുഗോപാലിന്റെ പിന്തുണയോടെ ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്.
ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചത്. ജെ എസ് അഖില്‍, കെ എം അഭിജിത്ത് എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചിരുന്നു. നിലവിലെ അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രാഹുലിനെയാണ് പിന്തുണച്ചത്. ഒരു വിഭാഗം അഖിലിനെ പിന്തുണച്ച് ശക്തമായി രംഗത്തെത്തി. ഇതോടെയാണ് തര്‍ക്കം നീണ്ടത്. കെ എസ് യു അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അഭിജിത്തിന് വീണ്ടും അവസരം നല്‍കേണ്ടെന്നും തീരുമാനിച്ചു.
അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐ ഗ്രൂപ്പ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മൂവാറ്റുപുഴ സ്വദേശിയായ അബിന്‍ വര്‍ക്കി കോടിയാട്ട്. കഴിഞ്ഞ കുറേക്കാലമായി എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 14-ാം തീയതിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.