
പത്തനംതിട്ട : മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണമെന്നാണ് ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നുമാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിൽ ഉണ്ട്.
പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഉന്നയിച്ചിരുന്നത്. കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തുന്ന മുറയ്ക്ക് രാഹുൽ പുറത്തിറങ്ങും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൂന്നാമത്തെ ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി പത്തനംതിട്ട ജില്ലാ കോടതി. യുവതിയുടെ വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് ചോദിച്ച കോടതി, ബലാത്സംഗമാണോ നടന്നതെന്ന് വിചാരണ വേളയിലാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്.
യുവതി പരാതി നൽകാൻ വൈകിയെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷവും 9 മാസവും വൈകി പൊലീസിനെ സമീപിക്കാൻ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. പരാതിക്കാരി കാനഡയിൽ ആയതിനാൽ, അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ല. രാഹുൽ ഹാജരാക്കിയ ഓഡിയോ ഇരയുടെതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.