തിരുവനന്തപുരം : വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നെഞ്ചുവേദനയുണ്ടാവാതെ നെഞ്ചുറപ്പോടെ തന്നെ നില്ക്കും. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്താണ് മൊഴിനല്‍കാന്‍ ഹാജരായത്. ഒരു നിയമപ്രതിരോധവും നടത്താതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും രാഹുല്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ കാര്‍ഡ് ആരെങ്കിലും നിര്‍മ്മിച്ചോയെന്ന് അറിയില്ലെന്നാണ് രാഹുല്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കിയത്. അറസ്റ്റിലായവരുായി അടുപ്പമുണ്ടെന്നും അവര്‍ തട്ടിപ്പ് നടത്തിയതായി അറിയില്ലെന്നും രാഹുല്‍ മൊഴി നല്കി. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് രാഹുലിനെ അറിയിച്ചു.
‘ഈ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ കുടുക്കുകയാണെങ്കില്‍ കുടുക്കട്ടെയെന്ന് കരുതി. ഒരുകവചവുമില്ലാതെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ നെഞ്ചേ് വേദനയുണ്ടായവാതെ നെഞ്ചുറപ്പോടെ നില്ക്കും’ രാഹുല്‍ പറഞ്ഞു
ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് തന്നെ പൊലീസ് വിളിച്ചത്. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്നതിനുള്ള ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് തനിക്ക് തരാനുള്ള അവകാശം പൊലീസിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ ധൂര്‍ത്തടിച്ച് ബസുമായി പാഞ്ഞുനടക്കുന്നത് കൊണ്ട് താന്‍ കൂടി പൊതുഖജനാവിനെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടും 160 (2) പ്രകാരമുള്ള അ അവകാശം വേണ്ടെന്ന് വയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി യാതൊരു വിശദീകരണവും തേടിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.