കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേത്. അഖിലേന്ത്യാ തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ ബിജെപിക്കൊപ്പമായിരുന്നു. ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും മാത്രമായിരുന്നില്ല അവർക്കൊപ്പം ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസൈൻ ചെയ്തത് പോലും മോദിക്കനുസൃതമായായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘ഭരണഘടനയെ മാറ്റിമറിക്കാൻ ആയിരുന്നു ‘400 സീറ്റിൽ അധികം’ എന്ന് ആവർത്തിച്ച് ബിജെപി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം നരേന്ദ്രമോദി അതേ ഭരണഘടനയെ തലയിൽ വെച്ച് വന്ദിക്കുന്നത് നമ്മൾ കണ്ടു. ഇന്ത്യൻ ജനതയുടെ കരുത്താണ് നമ്മൾ കണ്ടത്.’- അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട്ടിൽ മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. റായ്ബറേലിയിൽ നിന്ന് മത്സരിച്ച അദ്ദേഹം അവിടെയും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഏത് മണ്ഡലമായിരിക്കും അദ്ദേഹം നിലനിർത്തുക എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്.
മണ്ഡലം വിടുമോ നിലനിർത്തുമോ എന്ന ആശങ്കകൾക്കിടയിൽ എൻ്റെ തീരുമാനം വയനാട്ടിലെയും റായ്ബറേലിയെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഇപ്പോൾ ഞാൻ വലിയ ഒരു ധർമ്മ സങ്കടത്തിലാണ്. വയനാടാണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവിക ശക്തി കൊണ്ട് ജീവിക്കുന്നയാളല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. എൻ്റെ തീരുമാനങ്ങൾ എടുക്കുന്നത് ജനങ്ങളോട് കൂടിയാലോചിച്ചാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.