ന്യൂഡൽഹി: പ്രതിപക്ഷം സഭയിൽ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണെന്നും അത് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി. ഇത്തവണ പ്രതിപക്ഷം കൂടുതൽ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ പര്യാപ്തരായ പ്രതിപക്ഷ അംഗങ്ങൾ സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇന്ത്യയുടെ ജനങ്ങളുടെ ശബ്ദമാണ് ഈ സഭ. അതിന്റെ സമ്പൂർണ നിയന്ത്രണം നിങ്ങളുടെ കയ്യിലാണ്. സഭ നന്നായി നടത്തിക്കൊണ്ടുപോകുന്നു എന്നതിനെക്കാൾ പ്രധാനം ജനങ്ങളുടെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ്. ആ ശബ്ദം അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യം സ്പീക്കർ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു”-രാഹുൽ ഗാന്ധി പറഞ്ഞു.ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രമേയം ലോക്സഭാ പാസാക്കുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയിലേക്കായിരുന്നു എല്ലാവരുടെയും കണ്ണുകൾ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നൽകിയ ശേഷം ലോക്സഭയിലെത്തിയ അദ്ദേഹം മുൻ നിരയിൽ അഖിലേഷ് യാദവിനും കൊടിക്കുന്നിൽ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തപ്പോൾ ചെയറിലേക്ക് ആനയിക്കാൻ രാഹുൽ ഗാന്ധി ചെല്ലുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി വരുന്നത് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് സ്വാഗതം ചെയ്തു. സ്പീക്കര്ക്കും പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധി കൈകൊടുത്തതും വ്യത്യസ്ത കാഴ്ചയായി. പിന്നീടായിരുന്നു സ്പീക്കറെ ആശംസിച്ചുള്ള പ്രസംഗം. കഴിഞ്ഞ ലോക്സഭയിൽ നിന്ന് അയോഗ്യനായി ഇടയ്ക്ക് പുറത്തു പോയ രാഹുൽ ഗാന്ധിക്ക് ഈ പാർലമെൻററി ഉത്തരവാദിത്തം മധുര പ്രതികാരമാണ്.