സുല്‍ത്താന്‍ ബത്തേരി : ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപകര്ന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ഗാന്ധി അഭിവാദ്യം ചെയ്തു.
രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അതേസമയം പാര്‍ട്ടി പതാകകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഹുലിന്റെ കഴിഞ്ഞ റോഡ്ഷോയിലും കൊടി ഒഴിവാക്കിയത് വൻ ചർച്ചയായിരുന്നു.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരിൽ തോട്ടം മേഖലയിലെ തൊഴിലാളികളുമായി സംവദിച്ചശേഷം, പൊതുപരിപാടിയിലും പങ്കെടുത്തശേഷമാണ് രാഹുൽ വയനാട്ടിലെത്തിയത്. ബത്തേരി അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്കു പിന്നാലെ, പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.
ഉച്ചയ്ക്ക് ശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽഗാന്ധി സന്ദർശനം നടത്തും. മാനന്തവാടി ബിഷപ്പുമായി ചർച്ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. നേരത്തെ നാമനിർദേശ പത്രികാ സമർപ്പണത്തിന് രാഹുൽ ഗാന്ധി എത്തിയപ്പോൾ, പത്രികാ സമർപ്പണത്തിന് ശേഷം റോഡ് ഷോ നടത്തിയിരുന്നു.