നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായ 2014 മുതല്‍ അദ്ദേഹം ഭയപ്പെട്ടിരുന്ന ഒന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ സംഭവിച്ചത്. 1952 മുതലുള്ള ലോക്സഭയുടെ ചരിത്രം എടുത്തുനോക്കിയാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ ഇതിനെക്കാള്‍ വലിയ ഒരു പ്രതിപക്ഷം മുമ്പുണ്ടായിട്ടില്ല. ഭരണകക്ഷിയോടൊപ്പം നില്ക്കുന്ന വലിയ പ്രതിപക്ഷത്തെയാണ് പതിനെട്ടാം ലോക്സഭായില്‍ നരേന്ദ്രമോദി നേരിടുന്നത്. ഇത്തരം ഒരു അവസ്ഥ ഒഴിവാക്കാനാണ് അദ്ദേഹം 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ ശ്രമിച്ചിരുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം തന്നെ പ്രതിപക്ഷമില്ലാത്ത സഭ എന്നതിന്റെ മുന്നോടിയായിട്ടാണ് രൂപപ്പെടുത്തിയത്. എന്നാല്‍ പതിനെട്ടാം ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ മോദിയുടെ ആഗ്രങ്ങളെല്ലാം വെള്ളത്തിലായി.
പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ആരുവന്നാലും രാഹുല്‍ഗാന്ധി വരരുതെന്നും മോദിയും ബിജെപിയും ആഗ്രഹിച്ചിരുന്നു. കാരണം നെഹ്റു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന് മേലുള്ള രാഷ്ട്രീയ സ്വാധീനം എത്രയെന്ന് മോദിക്കും സംഘപരിവാറിനും നന്നായി അറിയാം. അതുകൊണ്ട് അവര്‍ക്ക് സൂചികുത്താന്‍ പോലും ഇടം പ്രതിപക്ഷത്ത് നല്‍കാതിരിക്കുക എന്നതായിരുന്നു കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ബിജെപി തന്ത്രം. രാഹുല്‍ഗാന്ധി തന്നെ പറഞ്ഞപോലെ വീട്ടില്‍ നിന്നും ഇറക്കിവിടുന്നത് മുതല്‍ പാര്‍ലമെന്റംഗത്വം റദ്ദാക്കുന്നത് വരെയുള്ള കളികള്‍ മോദി കളിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ പ്രകടനത്തോടെ ബിജെപിക്കും മോദിക്കും മാത്രമല്ല രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു കാര്യം മനസിലായി. രാഹുല്‍ഗാന്ധി കളം പിടിച്ചു കഴിഞ്ഞു.
പത്തുവര്‍ഷത്തിന് ശേഷം ഇതാദ്യമായി പ്രതിപക്ഷത്തെ നേരിടുന്ന കാര്യത്തില്‍ വലിയ അങ്കലാപ്പ് ഭരണപക്ഷ നിരകളില്‍ കണ്ടു. എന്‍ഡിഎയിലെ ഘടക കക്ഷികളാരും രാഹുലിന്റെ ആക്രമണത്തെ ചെറുക്കാന്‍ മുന്നോട്ടുവന്നില്ലെന്നതും ബിജെപിയെ അലോസരപ്പെടുത്തും. രാഹുലുമായി ഏറ്റുമുട്ടേണ്ടെന്ന ജനതാദള്‍ യുവിന്റെയും , തെലുഗുദേശത്തിന്റെ തീ രുമാനം അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മനസിലാക്കിക്കൊണ്ടുതന്നെ ബിജെപിക്കെതിരെയുള്ള ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതും. പ്രതിപക്ഷത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴിച്ചു ബാക്കിയുള്ള കക്ഷികളെല്ലാം, സമാജ് വാദി പാര്ട്ടിയുള്പ്പെടെയുള്ളവര് രാഹുലിന്റെ നേതൃത്വം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും. ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ നേരെ എതിര്ദിശയിലുളള രാഷ്ട്രീയത്തിന് വേണ്ടിയാണ് താന്‍ നിലകൊളളുന്നതെന്ന് ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഹുല്‍ഗാന്ധിയുടെ ലോക്സഭയിലെ ആദ്യത്തെ പ്രസംഗം കൊണ്ടുതന്നെ കഴിഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ ആയുധമായ ഹിന്ദുത്വയെ തങ്ങള്‍ കാണുന്നത് വളരെ ഇന്‍ക്ളൂസീവ് അഥവ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമായിട്ടാണ് എന്നു വ്യക്തമാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭഗവാന് ശിവന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഖുറാനും ബൈബിളും തന്റെ പ്രസംഗത്തിനിടയില്‍ ഉദ്ധരിക്കുകയും ചെയ്ത രാഹുലിന് കോണ്‍ഗ്രസിന്റെ ഇന്ത്യയും ബിജെപിയുടെ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ കഴിഞ്ഞു. ഭയത്തില്‍ നിന്നുള്ള മോചനമാണ് ഇന്ത്യാ മുന്നണി മുന്നോട്ടു വയ്ക്കുന്നതെന്ന് ആശയമാണ് തന്റെ പ്രസംഗത്തിലുടനീളം രാഹുൽ വ്യക്തമാക്കിയത്. ഹിന്ദുത്വയെ ബിജെപിയുടെ മാത്രം സ്വന്തമായി വിട്ടുകൊടുക്കാന്‍ താന്‍ ഒരുക്കമല്ലന്നും എല്ലാവരെയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഭാരതീയാശയമാണ് അതെന്നും വ്യക്തമാക്കാനാണ് രാഹുല്‍ തന്റെ പ്രസംഗത്തിലുടനീളം ഉദ്യമിച്ചത്.
നോട്ടുനിരോധനവും കര്‍ഷകസമരവും അഗ്നീവീര്‍ പദ്ധതിയും മണിപ്പൂരിലെ ആക്രമങ്ങളും വരെ രാഹുല്‍ തന്റെ പ്രസംഗത്തില്‍ കൊണ്ടുവന്നിരുന്നു. മോദി സല്ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കിയ രണ്ട് തീരുമാനങ്ങളായിരുന്ന കര്‍ഷക സമരവും അ്ഗ്നിവീര് പദ്ധതിയും. ഉത്തരേന്ത്യയില്‍ വലിയ എതിര്‍പ്പാണ് അഗ്നിവീര്‍ പദ്ധതിക്കെതിരെ ഉണ്ടായത്. അതോടൊപ്പം കര്‍ഷക സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ 700 ലധികം കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തു. പഞ്ചാബിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകാനുള്ള പ്രധാനകാരണം കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ പോലെ അത്ര എളുപ്പത്തില്‍ പ്രതിപക്ഷത്തെ മറികടക്കാന്‍ മോദിക്കും ബിജെപിക്കും കഴിയില്ലെന്ന് ലോക്സഭയുടെ ആദ്യ സമ്മേളനത്തോടെ ബിജെപിക്ക് ഉറപ്പായി. അതുകൊണ്ട് പ്രതിപക്ഷത്തെ വിഘടിപ്പിക്കുക എന്ന തന്ത്രത്തിലൂന്നാനായിരിക്കും ഇനി നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുക. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കഴിയുമ്പോള്‍ അത് കുറെക്കൂടി വ്യക്തമാകും.