ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകൾ കൊടികളുയർത്തിയും പുഷ്പങ്ങൾ വിതറിയും രാഹുലിനെ വരവേറ്റു. അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രിംകോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്.
രാഹുലിന് ആശ്വാസകരമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്ന് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.