ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
പത്രികാ സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റായ്ബറേലിയില്‍ രാഹുല്‍ റോഡ്ഷോയും നടത്തും. രാഹുല്‍ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന് യുപി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു വരുന്ന കാര്യമാണെന്ന് യുപി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. രാഹുലിന്റെ യുപിയിലെ സ്ഥാനാര്‍ത്ഥിത്വം ഹിന്ദി ഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. രാഹുല്‍ പോരാളിയാണ്. അദ്ദേഹത്തിന് പിന്നോട്ടുപോകാനാവില്ല. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജയ് റായ് അഭിപ്രായപ്പെട്ടു.
അതേസമയം റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ രാഹുലിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. തോല്‍വി ഭയന്ന് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടി. കൂടുതല്‍ വിജയസാധ്യതയുള്ള മണ്ഡലം തേടി പോയെന്ന് ബിജെപി പരിഹസിച്ചു. ഇത്രയും വര്‍ഷം അമേഠിയെ കബളിപ്പിച്ച് രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് പോയി. ഇപ്പോള്‍ വയനാടിനെയും കബളിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു.