ന്യൂഡൽഹി : യുജിസി-നെറ്റ് റദ്ദാക്കലിലും നീറ്റ് വിവാദത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. “മോദി ജി റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്തിയെന്നാണ് പറയുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ പേപ്പർ ചോർച്ച തടയാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല അല്ലെങ്കിൽ തടയാൻ ആഗ്രഹിക്കുന്നില്ല.” പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
ദേശീയ ടെസ്റ്റിംഗ് ഏജൻസി ജൂൺ 18-ന് നടത്തിയ യുജിസി-നെറ്റ്, പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ഉണ്ടായേക്കാമെന്ന സാധ്യതകളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച റദ്ദാക്കി. കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറി. വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതിനാലാണ് പേപ്പർ ചോർച്ചയും ക്രമക്കേടുകളും നടക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു .
“ ബിജെപിയുംഅവരുടെ മാതൃസംഘടനയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കടന്നുകയറി അതിനെ തകർത്തു. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയിൽ നരേന്ദ്ര മോദി ചെയ്തത്, ഇപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുന്നു. ” രാഹുൽ ഗാന്ധി വിമർശിച്ചു. നീറ്റ് വിവാദവും യുജിസി-നെറ്റ് റദ്ദാക്കലും തൻ്റെ പാർട്ടി പാർലമെൻ്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.