ന്യൂഡൽഹി: ധൈര്യമുണ്ടെങ്കിൽ അമേത്തിയിലേക്ക് മടങ്ങിവരൂവെന്ന ബിജെപി വെല്ലുവിളി ഏറ്റെടുത്ത് തന്റെ പ്രിയ മണ്ഡലത്തിൽ വീണ്ടും രാഹുൽ ഗാന്ധി പോരിനിറങ്ങും. റായ്ബറേലി എംപിയായിരുന്ന സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് യുപിയിലെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുത്ത് രാഹുൽ അമേത്തിയിലേക്ക് വീണ്ടും എത്തുന്നത്. ഗാന്ധി കുടുംബം പൂർണമായും യുപി കൈയ്യൊഴിയുന്നത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഗുണം ചെയ്യില്ല എന്നത് കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് 2019ലെ തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി അമേത്തിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ അമേത്തി പര്യടനത്തിൽ ഉടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേത്തിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കരുതുന്നു.
സിറ്റിംഗ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാചക വാതക വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കിടയിൽ രോഷമുണ്ട്. സാഹചര്യം മനസിലാക്കി ഭാരത് ജോഡോ യാത്രയിലൂടെ അമേത്തിയിലേക്ക് രാഹുല്‍ ഒരു റീ എന്‍ട്രി നടത്തുകയായിരുന്നു. അതേസമയം സോണിയ ഗാന്ധി രാജ്യസഭാംഗം ആയതോടെ റായ്ബറേലിക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാണ്. പ്രചാരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങട്ടെയെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി ഇനിയും മറുപടി നല്‍കിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണെന്ന് വിശദീകരിക്കുമ്പോഴും ഭാരത് ജോഡോ യാത്രയുടെ റായ്ബറേലി പര്യടനത്തിലെ പ്രിയങ്കയുടെ അസാന്നിധ്യവും ചര്‍ച്ചയായിരിക്കുകയാണ്.