മുംബൈ : അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമേറിയതെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജി 20 യോഗം നടക്കാനിരിക്കെ അദാനിക്കെതിരായ റിപ്പോർട്ട് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണമെന്നും രാഹുൽ ചോദിച്ചു. അദാനിക്കെതിരെ ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണം. അദാനിക്കെതിരെ ഒസിസിആർപി റിപ്പോർട്ടിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് കൈകാര്യം ചെയ്ത പണം ആരുടേതെന്നും രാഹുൽ ചോദിച്ചു. അദാനിക്ക് ക്ലീൻചിറ്റ് നൽകിയ സെബി ഉദ്യോഗസ്ഥൻ നിലവിൽ എൻഡിടിവിയുടെ ഡയറക്ടർ ബോർഡ് അംഗമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി മറ്റൊരു റിപ്പോർട്ട് കൂടി ഇന്ന് പുറത്തുവന്നിരുന്നു. ജനുവരിയിൽ പുറത്ത് വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (ഒസിസിആർപി) പുതിയ റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടത്.
നിഴൽ കന്പനികൾ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്നും ഒസിസിആർപി പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസിലുള്ള ചില വ്യാജ കന്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കന്പനിയിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ മുഖ്യ ആരോപണം.