ന്യൂഡൽഹി : “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയന് മേലുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആണെന്ന ഭരണഘടനാ വാചകം എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഈ പ്രസ്താവന നടത്തിയത്. രാജ്യം മുഴുവനുമായി ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യൻ യൂണിയനെയും എല്ലാ സംസ്ഥാനങ്ങളെയും അപമാനിക്കുന്നതാണെന്ന് രാഹുൽ കുറിച്ചു.
“ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പ്രക്രിയയെപ്പറ്റി ചർച്ച ചെയ്യാനുള്ള എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് പദ്ധതിയെ എതിർത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ നാമനിർദേശം ചെയ്യപ്പെട്ട സമിതിയിൽ നിന്ന് പിന്മാറുകയാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.