ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ഗാന്ധി തയ്യാറാകില്ലെന്ന് റിപ്പോർട്ട് . കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഉത്തരവാദിത്തങ്ങളൊന്നും രാഹുല്‍ ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു പദവിയും ഏറ്റെടുക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പകരം മൂന്ന് സീനിയര്‍ നേതാക്കളെയാണ് പാര്‍ലമെന്റില്‍ ആ പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കുമാരി സെല്‍ജ, ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി തുടങ്ങിയവരെയാണ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നുള്ള രാഹുലിന്റെ പിന്മാറ്റം തീര്‍ത്തും അപ്രതീക്ഷിതമാണ്. ഇൻഡ്യാ മുന്നണി ഘടകകക്ഷികളുടെ അഭിപ്രായവും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു.. ഒരു ദശാബ്ദത്തിന് ശേഷമാണ് പ്രതിപക്ഷത്തിന് ലോക്സഭയില്‍ നേതാവ് ഉണ്ടാകാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവിന് പകരം സഭാ നേതാവ് മാത്രമായിരുന്നു പത്ത് വര്‍ഷക്കാലം കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരുടെ സീറ്റുകള്‍ ഏകദേശം ഇരട്ടിയുടെ അടുത്താണ് വര്‍ധിപ്പിച്ചത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയും കോണ്‍ഗ്രസാണ്. അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ അവര്‍ തന്നെ തീരുമാനിക്കും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര അടക്കം നടത്തിയാണ് കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കിയത്. അതുകൊണ്ട് പ്രതിപക്ഷ നേതാവാകാന്‍ സാധ്യത കല്പ്പിച്ചിരുന്നത് രാഹുലിനായിരുന്നു.