ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്സഭയിൽ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.പരീക്ഷാ നടത്തിപ്പില്‍ ഗുരുതര പ്രശ്നമുള്ളതായി രാജ്യത്തിന് മുഴുവന്‍ ബോധ്യമുണ്ട്. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയായിരിക്കുന്നു. വ്യവസ്ഥാപിത തലത്തില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദ്യം ഉന്നയിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മറുപടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നിലവില്‍ വന്നതിന് ശേഷം 240ല്‍ അധികം പരീക്ഷകളാണ് സുതാര്യമായി നടത്തിയത്.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വച്ചതോടെ സഭ പ്രക്ഷുബ്ദമായി.