മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ‘മഹിള ന്യായ്’ എന്ന സുപ്രധാന പ്രഖ്യാപനം
ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിന് പ്രത്യേക വരണാധികാരി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അവരുടെ കേസുകളില്‍ പോരാടാനും അധികാർ മൈത്രി എന്ന പേരിൽ നോഡല്‍ ഓഫീസറെ നിയമിക്കും, രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കും, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ഇരട്ടിയാക്കും.. തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
നരേന്ദ്രമോദി വനിതാ സംവരണം ലോക്സഭയിൽ പാസാക്കി. എന്നാൽ, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകുമെന്നും രാഹുൽ പറഞ്ഞു. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.