ന്യൂഡൽഹി:വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും . പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരുമണ്ഡലം കൈയൊഴിയണം. ഇന്ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി ഏത് സീറ്റ് നിലനിർത്തണം എന്ന കാര്യം ചർച്ചയായേക്കും. അതേസമയം ലോക്സഭയിലേക്ക് വിജയിച്ചതോടെ കെസി വേണുഗോപാലിന്റെ രാജ്യസഭാ അംഗത്വം റദ്ദായി.
രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം, ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വയനാട് ഒഴിയാനാണ് സാധ്യത.ഉത്തരേന്ത്യയിൽ ഇൻഡ്യ മുന്നണി മികച്ച വിജയം നേടിയസ്ഥതിക്ക് രാഹുൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കും. 17 സീറ്റിൽ യുപിയിൽ മത്സരിച്ച കോൺഗ്രസ്, ആറ് സീറ്റിൽ വിജയിച്ചിരുന്നു. ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽഗാന്ധിയുടെ ശ്രമം. രാജിവച്ചാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ സമയമുണ്ട്.
കോൺഗ്രസ് വിമതനായി മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീലിനു കോൺഗ്രസിൽ ചേരാൻ തടസമുണ്ടെന്ന നിയമോപദേശം പാർട്ടിക്ക് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരംഗത്തിനു , പിന്തുണ നൽകാമെങ്കിലും ഔഗ്യോഗികമായി ഒരു പാർട്ടിയിലും ചേരാൻ കഴിയില്ല. മറിച്ചു , ഔദ്യോഗികമായി ചേർന്നാൽ എംപിസ്ഥാനത്ത് നിന്നും അയോഗ്യനാകും. ആലപ്പുഴയിൽ നിന്നും വിജയിച്ചു ലോക്സഭയിൽ അംഗമായതോടെ കെ.സി വേണുഗോപാലിന്റെ രാജ്യസഭയിൽ നിന്നുള്ള അംഗത്വം റദ്ദായി.