യഥാര്‍ത്ഥത്തില്‍ ഇതു രാഹുല്‍ഗാന്ധിയുടെ വിജയമാണ്. ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രയോക്താവും പ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ മോദി ഭരണത്തിനെതിരെ ജനകീയാഭിപ്രായം സ്വരൂപിക്കാനും മോദിവിരുദ്ധ പാര്‍ട്ടികളെ ഒരു തട്ടകത്തിലെത്തിക്കാനും രാഹുലിന് കഴിഞ്ഞു . അതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി ഘടക കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്ത് അവരില്‍ ഒരാളായി നിലകൊള്ളാനും അതുവഴി ജനാധിപത്യത്തിന്റെയും കൂട്ടായ്മയുടെയും സൗന്ദര്യത്തെ ഇന്ത്യന്‍ ജനതക്ക് മുന്നില്‍ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇത്തവണ 300 സീറ്റുകളില്‍ മാത്രം മല്‍സരിക്കാനും ബാക്കിയുള്ളവ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് നല്‍കാനും കോണ്‍ഗ്രസ് എടുത്ത തിരുമാനം നൂറുശതമാനം വിജയമായിരുന്നുവെന്നുവെന്ന് ഈ തെരെഞ്ഞെടുപ്പ ഫലം തെളിയിക്കുന്നു. നരേന്ദ്രമോദിയെ താഴെയിറക്കുന്ന കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചക്കും ഒരുക്കമാണെന്ന സന്ദേശമാണ് രാഹുല്‍ഗാന്ധി നല്‍കിയത്. ബിജെപി എല്ലാ ഘട്ടത്തിലും അപ്രമാദിത്വത്തിന്റെ രാഷ്ട്രീയം കാഴ്ചവച്ചപ്പോള്‍ കോണ്‍ഗ്രസ് സമവായത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്കുന്നതെന്ന സന്ദേശം രാഹുല്‍ഗാന്ധി നല്കി. ഇന്ത്യ മുന്നണിയുടെ നാടകീയ മുന്നേറ്റത്തിന് കാരണമായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നേട്ടം അതുമൂലം ഉണ്ടായതാണ്. ശരിക്കും ഉത്തർപ്രദേശാണ് മോദിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ വെള്ളം കോരിയൊഴിച്ചത്. രാമക്ഷേത്രനിര്‍മ്മാണം ബിജെപിയെ തുണക്കില്ലന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അതോടൊപ്പം ആദ്യഘട്ടത്തില്‍ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതും സ്ഥിതി പരുങ്ങലിലായപ്പോള്‍ അദ്ദേഹത്തെ വീണ്ടും കൊണ്ടുവന്നതുമെല്ലാം ബിജെപിയുടെ തന്ത്രം പാളുന്നതിന്റെ ലക്ഷണമായിരുന്നു.
രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷക്കും അപ്പുറത്തും സീറ്റുകള്‍ ലഭിച്ചതും മോദിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. കര്‍ണ്ണാടകയില്‍ പ്രതീക്ഷിച്ച 23 സീറ്റ് ബിജെപിക്ക് കിട്ടിയതുമല്ല. അതോടൊപ്പം പശ്ചിമബംഗാളില്‍ തൃണമൂലിനെ കടപുഴക്കാമെന്ന ബിജെപിയുടെ വ്യാമോഹം തകര്‍ന്നടിയുകയും ചെയ്തപ്പോള്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താല്‍ പോലും സാധിച്ചില്ല. മമതാ ബാനര്‍ജിയെ ഹിന്ദുത്വ കാര്‍ഡ് വച്ചു നേരിടാമെന്ന ബിജെപിയുടെ മോഹവും തകര്‍ന്നടിഞ്ഞു. ബംഗാളില്‍ ബിജെപി നേടുമെന്ന വിചാരിച്ച സീറ്റാണ് മമതാബാനര്‍ജി നേടിയത്്. സഖ്യകക്ഷികളുമായി കൈകൊടുക്കാന്‍ അവസാന ഘട്ടത്തിലും ബിജെപിക്ക് വൈമനസ്യമായിരുന്നു. മോദി മാജിക്കില്‍ അവര്‍ക്ക് അത്ര കണ്ട് വിശ്വാസമായിരുന്നു. ബിജെപിയുടെ സംസ്ഥാന മുഖ്യമന്ത്രിമാരെപ്പോലും പലപ്പോഴും പ്രചാരണരംഗത്ത് അടുപ്പിച്ചില്ലന എന്നതാണ് യാഥാര്‍ത്ഥ്യം.
രാഹുല്‍ഗാന്ധിയാകട്ടെ മോദിയുമായുള്ള ദേശീയതലത്തിലുള്ള ഈ മൂന്നാമത്തെ പോരിൽ ഓരോ ചുവടും കൃത്യമായി അളന്നും തൂക്കിയുമാണ് മുന്നോട്ട് പോയത്. ഇന്ത്യാസഖ്യത്തിലെ എല്ലാ നേതാക്കളുമായിട്ടും വളരെ നല്ല വ്യക്തിബന്ധം പുലര്‍ത്താനും അവരോട് സംവദിക്കാനും ആശയവിനിമയം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ അടച്ചതിനെതിരെ ഇന്ത്യാ സഖ്യം ഡല്‍ഹിയില്‍ നടത്തിയ ബഹുജനറാലി വന്‍വിജയമായി തീര്‍ന്നതോടെ രാഹുലിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം ഇരട്ടിച്ചു. ഇന്ത്യാ സഖ്യത്തിലുള്ള ഏക പാന്‍ ഇന്ത്യന്‍ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. സമാജ് വാദി പാര്‍ട്ടിയുള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളെല്ലാം ഒരു തരത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ തന്നെയായിരുന്നു. അതുകൊണ്ട് ബിജെപിക്കെതിരായ പോരാട്ടത്തിന് അഖിലേന്ത്യാ തലത്തില്‍ നേതൃത്വം നല്‍കേണ്ടത് കൊണ്ഗ്രസിന്റെ കടമയാണെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയുകയും ചെയ്യാമായിരുന്നു. വളരെ ചെറിയ ഘടകക്ഷികളെപ്പോലും വിശ്വാസത്തിലെടുത്ത് മുന്പോട്ട് പോവുക എന്നതൊരു നയമായി തന്നെ രാഹുല്‍ സ്വീകരിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കുപ്പായമണിഞ്ഞ് രംഗത്ത് വരാനും രാഹുല്‍ കൂട്ടാക്കിയില്ല.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ അത് മോദി രാഷ്ട്രീയമായി മുതലെടുക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ ചില കക്ഷികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അത് മുഖവിലക്കെടുത്തുകൊണ്ട് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പറ്റി ഒന്നും മിണ്ടാതെ മോദി സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞു. ശരത് പവാര്‍ മുതല്‍ എം കെ സ്റ്റാലിന് വരെയുള്ള നേതാക്കള്‍ അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയില്‍ സംതൃപ്തരുമായിരുന്നു.ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന തലത്തിലേക്ക് ഉയരുകയാണ്. ഇനി ഇന്ത്യന്‍ രാഷ്ട്രീയം മോദിക്ക് എതിരാളി രാഹുല്‍ എന്ന നിലയിലേക്ക് കേന്ദ്രീകരിക്കപ്പെടും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി പതിയെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പിന്നെ തെരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാവ് എന്ന നിലയില്‍ ഉയര്‍ന്നുവരിക രാഹുലിന്റെ മുഖം മാത്രമായിരിക്കും. അത് തന്നെയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതും.