ഭോപ്പാല്‍ : രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രമാണെന്നും വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിങിന്റെ സഹോദരനും മുന്‍ എംപിമായുമായ ലക്ഷ്മണ് സിങ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മധ്യപ്രദേശിലെ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലക്ഷ്മണ് സിങ്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഒരു പാര്‍ലമെന്റംഗം മാത്രമാണ്. അല്ലാതെ അയാള്‍ പാര്‍ട്ടി പ്രസിഡന്റല്ല. വെറുമൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് മാത്രമാണ്. മാധ്യമങ്ങള്‍ വല്ലാതെ രാഹുലിനെ ഉയര്‍ത്തേണ്ടതില്ലെന്നും ലക്ഷ്മണ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ലക്ഷ്മണിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മറ്റ് എംപിമാര്‍ക്ക് തുല്യനാണ്. ജന്മം കൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് ഒരാള്‍ വലിയവനാകുന്നത്. അതുകൊണ്ടു തന്നെ രാഹുലിനെ വലിയ നേതാവായി കരുതേണ്ടതില്ല. ഞാനങ്ങനെ കരുതുന്നില്ലെന്നും ലക്ഷ്മണ് സിങ് പറഞ്ഞു. അഞ്ചു വട്ടം എംപിയായ ലക്ഷ്മണ് സിങ് മൂന്നു തവണ എംഎല്എയുമായിരുന്നിട്ടുണ്ട്. ഇത്തവണ മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ലക്ഷ്മണ് സിങ് പരാജയപ്പെട്ടു.